തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യത കൂടുതലെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വൈറൽ പനിയും ഗുരുതര വയറിളക്ക രോഗങ്ങളും വ്യാപിക്കാനാണ് സാധ്യത.
സംസ്ഥാനത്ത് ഈ മാസം ഇതുവരെ 113 പേർക്ക് ഡെങ്കിപ്പനിയും 77 പേർക്ക് എലിപ്പനിയും ബാധിച്ചു. 72621 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 26282 പേരിൽ ഗുരുതര വയറിളക്ക രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പകർച്ചവ്യാധി രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൃത്യമായ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിർമ്മാർജനവും നടത്താത്തതാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായിരിക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കാലവർഷത്തിന് മുൻപ് തന്നെ തുടർച്ചയായ മഴ പെയ്തതിനാൽ, ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളക്കെട്ടുകൾ രൂപപ്പെട്ട ഇടങ്ങളിൽ കൊതുക് നിർമ്മാർജനം നടത്തണമെന്ന നിർദ്ദേശം അതാത് ജില്ലകൾക്ക് ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
Post Your Comments