KeralaLatest NewsNews

മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ് 22 മുതൽ 29 വരെയാണ് ശുചീകരണം നടക്കുന്നത്. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്.

Read Also: രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു

ഓരോ തദ്ദേശ സ്ഥാപനവും പ്രാദേശികമായി ശുചീകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 50 വീടുകൾ/ സ്ഥാപനങ്ങൾ അടങ്ങുന്ന ക്ലസ്റ്റർ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. ഈ ക്ലസ്റ്ററുകളിൽ ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനം. വാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. തദ്ദേശ സ്വയംഭരണ തലത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലും വാർഡുതലത്തിൽ ആഴ്ചയിലും ശുചിത്വ പ്രവർത്തികൾ വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സ്‌കൂൾ തുറക്കുന്നത് പരിഗണിച്ച് വിദ്യാലയ പരിസരങ്ങളിലെ ശുചീകരണത്തിലും തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിൽ കുടുംബശ്രീ പ്രവർത്തകരും, ഹരിതകർമ്മ സേനയും, സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വീടും പരിസരവും ശുചിയാണെന്ന് ഉറപ്പുവരുത്താൻ ഓരോരുത്തർക്കും കഴിയണം. മഴക്കാലത്തെ മുന്നൊരുക്കത്തോടെ നേരിടാൻ കേരളത്തെ സജ്ജമാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നീങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കസ്റ്റഡിയിലെടുത്ത മീന്‍കച്ചവടക്കാരന്‍ മരിച്ചു, പൊലീസ് സ്റ്റേഷന്‍ കത്തിച്ച്‌ ജനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button