
ജലന്ധർ: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരൻ മരിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ഇന്ന് രാവിലെ നൂറടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയാണ് കാത്തിരിപ്പ് വിഫലമാക്കി വിട പറഞ്ഞത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ വൈകീട്ടോടെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചിരുന്നു.
ഹൃത്വിക് എന്ന ആറുവയസ്സുകാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി കുഴൽക്കിണറിന്റെ ഷാഫ്റ്റിന് മുകളിൽ കയറുകയായിരുന്നു കുട്ടി. ഈ ഭാഗം ചാക്ക് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഹൃത്വിക് കയറിയതോടെ ചാക്ക് നീങ്ങുകയും കുട്ടി അകത്തേക്ക് വീഴുകയുമായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ സൈനികരടക്കം സഹകരിച്ചിരുന്നു. കിണറിനുള്ളിലേക്ക് തുരങ്കം നിര്‍മ്മിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിനുള്ളിലേക്ക് ഓക്സിജനും നൽകിയിരുന്നു. സാധ്യമായതെല്ലാം ചെയ്തിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments