തിരുവനന്തപുരം: മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കൽ കോളേജുകളിലെ പ്രഗത്ഭ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്നതാണ് ഈ സംഘം. പദ്ധതി വിജയമായതിനെ തുടർന്നാണ് എല്ലാ മെഡിക്കൽ കോളേജുകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗവും എമർജൻസി മെഡിസിൻ വിഭാഗവും പ്രവർത്തനസജ്ജമാക്കി. എമർജൻസി മെഡിസിൻ വിഭാഗത്തിൽ പിജി കോഴ്‌സ് ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ട്രയാജ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് രോഗതീവ്രതയനുസരിച്ച് ചികിത്സ നൽകുമെന്ന് വീണാ ജോർജ് പറഞ്ഞു.
രോഗതീവ്രതയനുസരിച്ച് വേഗത്തിൽ പരിശോധന നടത്തുന്നതിന് ടാഗുകളും നൽകുന്നു. അതിനാൽ അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിക്കും ക്യൂ നിൽക്കേണ്ട കാര്യമില്ല. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവർക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തിൽ ഏകോപിപ്പിച്ച് നൽകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുമായി വരുന്ന രോഗികൾക്ക് അത്യാഹിത വിഭാഗത്തിൽ വച്ചുതന്നെ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കാൻ ചെസ്റ്റ് പെയിൻ ക്ലിനിക്ക് ആരംഭിച്ചു. സ്‌ട്രോക്ക് ചികിത്സാ ടീമിനേയും അത്യാഹിത വിഭാഗത്തോട് ഏകോപിപ്പിച്ചിട്ടുണ്ട്. സ്‌ട്രോക്ക് യൂണിറ്റും സ്‌ട്രോക്ക് കാത്ത്‌ലാബും പ്രവർത്തനസജ്ജമായി വരുന്നു. സീനിയർ ഡോക്ടർമാരുടെ സേവനം അത്യാഹിത വിഭാഗത്തിൽ ഉറപ്പ് വരുത്തി. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന് മേൽനോട്ട സമിതി, നടപ്പാക്കൽ സമിതി എന്നിവ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. മറ്റ് മെഡിക്കൽ കോളേജുകളിലെ പ്രഗത്ഭ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി. ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നടപ്പാക്കൽ സമിതി. സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിച്ചു. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികളും സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരവധി തവണ മന്ത്രി നേരിട്ട് സന്ദർശനം നടത്തിയും നിരന്തരം യോഗങ്ങൾ വിളിച്ചു ചേർത്തുമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments