
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍, ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡിയുടെ ആവശ്യം. ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് കേസില്‍ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ വാദം.
Read Also:കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,024 വാക്‌സിൻ ഡോസുകൾ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍, ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചത്.
കേസില്‍, അഞ്ച് മാസത്തിന് ശേഷമാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ബിനീഷിനെതിരെ കൃത്യമായ തെളിവുകളുണ്ട്, സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷിന്റെ വിശദീകരണം തൃപ്തികരമല്ല, കേസില്‍ ഇനിയും ചിലരെ ചോദ്യം ചെയ്യാനുളളതിനാല്‍ ബിനീഷിന് ജാമ്യം നല്‍കിയത് കേസിനെ ബാധിക്കും തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെ, ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കേസില്‍, കര്‍ണാടക ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. ബിനീഷിന് എതിരെ, നേരിട്ടുളള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്.
Post Your Comments