ന്യൂഡല്‍ഹി: കാന്‍സ് ചലച്ചിത്രവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍. ഭരണത്തില്‍ വന്ന സമയത്ത് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആരംഭിച്ച ഡിബിടി പദ്ധതിയെ സൂചിപ്പിച്ചാണ് മാധവന്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കുള്ള സബ്സിഡികള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതിയാണിത്.
മോദി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത സമയത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന മുറവിളിയായിരുന്നു നാലുപാടും ഉയര്‍ന്നു കേട്ടിരുന്നതെന്നും മാധവന്‍ പറയുന്നു. കേന്ദ്ര മന്ത്രി അനുരാഗ് കശ്യപ് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് മാധവന്റെ വെളിപ്പെടുത്തല്‍.
പദ്ധതി ആരംഭിച്ച സമയത്ത് സ്മാര്‍ട്ട് ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത കര്‍ഷകര്‍ക്ക് എങ്ങനെ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുമെന്നും, ഇവര്‍ എങ്ങനെ ആധുനിക രീതിയിലുള്ള പണമിടപാടുകള്‍ നടത്തുമെന്നും പലരും വേവലാതിപ്പെട്ടിരുന്നെന്ന് മാധവന്‍ സൂചിപ്പിച്ചു. എന്നാല്‍, ഇത്തരക്കാരുടെ ആശങ്കകളെല്ലാം അസ്ഥാനത്തായെന്നും ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്നും മാധവന്‍ പറഞ്ഞു.
പദ്ധതിയുടെ വിജയത്തിന് വേണ്ടി ആര്‍ക്കും കര്‍ഷകരെ പ്രത്യേകമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന രീതികള്‍ പഠിപ്പിക്കേണ്ടി വന്നില്ലെന്നും മാറുന്ന ഇന്ത്യയുടെ വിജയാണിതെന്നും മാധവന്‍ പറഞ്ഞു. പല ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള പ്രധാനമന്ത്രിയുടെ വിജയം കൂടിയാണ് ഇന്നത്തെ നവ ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നതെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments