തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തില്‍ തൃശ്ശൂർ ജില്ലയിലെ പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. ഓണത്തോടെ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയലുമായി വനം മന്ത്രി നടത്തിയ പ്രത്യേക ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുങ്ങുന്നത്.
പ്രശസ്ത മൃഗശാല ഡിസൈനര്‍ ജോന് കോ ഡിസൈന്‍ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.
വിശാലമായ പാര്‍ക്കിംഗ് സ്ഥലം, റിസപ്ഷന് ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വ്വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ടോയിലറ്റ് ബ്ലോക്കുകള്‍, ട്രാം സ്റ്റേഷനുകള്‍, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്സുകള്‍, വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്കുള്ള ഭക്ഷണശാലകള്‍ എന്നിവ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നുള്ള അപൂര്‍വ്വയിനം പക്ഷിമൃഗാദികളെയും പാര്‍ക്കിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Post Your Comments