തിരുവനന്തപുരം: സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, കേരളവും ഇന്ധനവിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചത്.
ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ, പെട്രോൾ നികുതി ലിറ്ററിന് 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും കുറയ്ക്കുമെന്ന് കെഎൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ, ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും ,അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടിയായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന്റേത് ലിറ്ററിന് ആറു രൂപയുമാണ് കുറച്ചത്.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ വീതം സബ്സിഡി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments