തല നരക്കുന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ആയുർവേദത്തിലൂടെ നരയകറ്റാമെങ്കിലോ ഇതാ കുറച്ചു ആയുർവേദ വഴികൾ…
ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേർക്കാത്തത്) തേൻ ചേര്‍ത്ത് രാത്രിയിൽ പതിവായി കഴിക്കുക. കീഴാർനെല്ലി അരച്ചുപിഴിഞ്ഞ നീര് തലയിൽ പുരട്ടി കുളിക്കുന്നത് നല്ലതാണ്. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ് കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയിൽ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്.
അര കപ്പ് വീതം മൈലാഞ്ചി ഇല, നീല അമരി ഇല, ഒന്നര ടേബിൾ സ്‌പൂൺ തേയില, പച്ച നെല്ലിക്ക മിനുസമായി അരച്ചത് (അല്ലെങ്കിൽ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഒന്നര ടേബിൾസ്‌പൂൺ) എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മുപ്പത് മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോൾ അരിച്ചെടുത്ത് ഒരു ടീസ്‌പൂൺ നാരങ്ങാനീര് ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.
ചീരയുടെ ജ്യൂസും തലയിൽ തേയ്‌ക്കാൻ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാൻ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും. കട്ടൻചായ മുടിനര ഒഴിവാക്കാൻ പറ്റിയ ഒരു വഴിയാണ്. കട്ടൻ ചായ തണുപ്പിച്ച് മുടിയിൽ തേച്ച് അല്‍പ്പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കിൽ, ഇതുപയോഗിച്ച് മുടി കഴുകാം. ഇതുപയോഗിക്കുമ്പോൾ മുടിയിൽ ഷാംപൂ തേയ്‌ക്കരുതെന്ന കാര്യം ഓർക്കുക.
മൂന്ന് ടേബിൾസ്‌പൂൺ തേയില ഒരു കപ്പ് വെള്ളത്തിൽ പത്തുമിനിറ്റോളം തിളപ്പിച്ച് വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ് മൈലാഞ്ചിയില മിനുസമായി അരച്ച് (മൈലാഞ്ചിപ്പൊടിയായാലും മതി) തേയില വെള്ളത്തിലിട്ട് (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിൾ സ്‌പൂൺ ആവണക്കെണ്ണ കൂടി ചേർത്ത് നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ
മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. മുടി കറുപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണിത്.
മൈലാഞ്ചിയില, കറിവേപ്പില, നെല്ലിക്ക, കറ്റാർവാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്‌ക്കുന്നത് ഗുണം ചെയ്യും. ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്.
ഒരു കപ്പ് ആവണക്കെണ്ണയിൽ രണ്ട് ടേബിൾസ്‌പൂൺ കാപ്പിപ്പൊടി ചേർത്ത് ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താൽ രണ്ട് ടേബിൾസ്‌പൂൺ പനിനീർ ഒഴിച്ച് നന്നായി ഇളക്കുക. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. മിനുത്ത ബ്രഷ് ഉപയോഗിച്ച് മുടിയിഴകളിലും അറ്റംവരെ തേക്കണം. രാത്രി കിടക്കുംമുമ്പ് തലയിൽ പുരട്ടി ‘പ്ലാസ്‌റ്റിക് ക്യാപ്പ്’ അണിഞ്ഞോ തോർത്തുമുണ്ടു കൊണ്ട് ഇറുകാതെ കെട്ടിയോ കിടക്കുക. രാവിലെ തണുത്ത വെള്ളത്തിൽ തല കഴുകുക.
മൈലാഞ്ചിയില അരച്ചതോ അല്ലെങ്കിൽ മൈലാഞ്ചിപ്പൊടിയോ ഇതിന് ഉപയോഗിക്കാം. ഇതിൽ അൽപ്പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് പേസ്‌റ്റാക്കി തലയിൽ തേയ്‌ക്കാം. ഒന്നു രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
Post Your Comments