പാലക്കാട്: മുട്ടിക്കുളങ്ങരയിൽ എ ആർ ക്യാമ്പിലെ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. ഇവർ കുറ്റസമ്മതം നടത്തിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പോലീസുകാരുടെ മൃതദേഹങ്ങൾ രാവിലെ പാടത്ത് കൊണ്ടിട്ടതാണെന്ന് ഇവർ സമ്മതിച്ചു. വാർക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞിരുന്നു.
അതേസമയം, പന്നിക്കായി വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ വെളിപ്പെടുത്തൽ. പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്.
ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഷോക്കേറ്റ് മരിച്ചതാണെനന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഇതിനിടെയാണ് കസ്റ്റഡിയിലുള്ളവരുടെ കുറ്റസമ്മതം. ഒരാളുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തിയേക്കും.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. സ്ഥലത്ത് വൈദ്യുത ലൈൻ പൊട്ടിവീഴുകയോ വൈദ്യുത വേലിയോ ഇല്ല. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എങ്ങനെയാണ് ഷോക്കേറ്റതെന്ന ചോദ്യം ഉയരുന്നത്. എന്നാൽ, പൊലീസുകാരുടെ മൃതദേഹങ്ങൾ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. മൃതശരീരങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മരിച്ച രണ്ടുപേരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല.
രാത്രി ഇവർ മീൻ പിടിക്കാൻ പോയതാണെന്ന സംശയവും ശക്തമാണ്. ഇതെല്ലാം പ്രാഥമികമായ കണ്ടെത്തലുകളാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് ക്യാമ്പിലെ രണ്ട് പേരുടെ മരണം സഹപ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട്. എ.ആർ. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.
Post Your Comments