ഡൽഹി: നഗരത്തിൽ നൂറ് വൈദ്യുത ബസ്സുകൾ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അരവിന്ദ് കെജ്‌രിവാൾ. വരാൻ പോകുന്ന ബസ്സുകളും നിലവിലുള്ള ബസ്സുകളും ചേർന്ന് സംയുക്തമായിട്ടാണ് പ്രവർത്തനം നടത്തുക. മുണ്ടേല കലൻ, രോഹിണി സെക്ടർ 37 എന്നിവിടങ്ങളിൽ ഈ വാഹനങ്ങൾക്കുള്ള രണ്ട് ഡിപ്പോകളും ഭരണകൂടം സ്ഥാപിച്ചിട്ടുണ്ട്.
4.57 ഏക്കർ വിസ്തീർണത്തിലാണ് മുണ്ടേല ഡിപ്പോ സ്ഥിതി ചെയ്യുന്നത്. പൂർണമായും ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള ഡിപ്പോയാണിത്. വാഹനങ്ങൾ പെട്ടന്ന് ചാർജ് ചെയ്യുന്നതിനു വേണ്ടിയും മറ്റു തകരാറുകൾ പരിശോധിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഡിപ്പോയിലുണ്ട്. ജോലിക്കാർക്ക് താമസത്തിന് വേണ്ടിയുള്ള സൗകര്യങ്ങളും ഡിപ്പോയിൽ ലഭ്യമാണ്.
രണ്ടാമത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഡിപ്പോയാണ് രോഹിണിയിലുള്ളത്. വാഹനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ജനങ്ങൾക്കു വേണ്ടി മുന്നൂറിലധികം ബസുകളാണ് സർവീസ് തുടങ്ങാൻ ആരംഭിക്കുന്നത്. മലിനീകരണം ഒഴിവാക്കി നഗര ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരും വർഷങ്ങളിൽ, 2,000 ഇലക്ട്രിക് ബസ്സുകൾ കൂടി നിരത്തിലിറങ്ങുമെന്ന് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments