കൊച്ചി: നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യൂവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പും സര്‍ക്കാരും കാര്യമായ ഇടപെടല്‍ നടത്തണമെന്നും വി.ടി ബൽറാം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൊച്ചിയിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയേക്കൂടി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.
Read Also: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല.
അതുകൊണ്ടു തന്നെ, ഈ മരണത്തേക്കുറിച്ചുള്ള പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകൾക്കും ഇനിയും മടിച്ചു നിൽക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്. മരണപ്പെട്ട ഷെറിൻ സെലിൻ മാത്യുവിന് ആദരാഞ്ജലികൾ.
Post Your Comments