ന്യൂഡൽഹി: തഹസിൽദാർ ഓഫീസിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവിനെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കാത്തതിന് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ കേന്ദ്ര സർക്കാരിനിഷ്ടം, അവരെ കുറിച്ചെടുത്ത സിനിമയെ കുറിച്ച് സംസാരിക്കാനാണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു.
‘കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കാൾ പ്രധാനമന്ത്രി പ്രാധാന്യം കൊടുക്കുന്നത് ഒരു സിനിമയെക്കുറിച്ച് സംസാരിക്കുക എന്നതിനാണ്. ബി.ജെ.പിയുടെ നയങ്ങൾ കാരണം കശ്മീരിൽ ഇന്ന് ഭീകരത അതിന്റെ ഉച്ചസ്ഥായിയിലാണ്. പ്രധാനമന്ത്രി, സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുക’, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Also read:കല്ലംകുഴി ഇരട്ടക്കൊല: ശിക്ഷാവിധി ഇന്ന്
2010-11ൽ കുടിയേറ്റക്കാർക്കുള്ള പ്രത്യേക തൊഴിൽ പാക്കേജിന് കീഴിൽ ക്ലർക്ക് ജോലി ലഭിച്ച രാഹുൽ ഭട്ടിനെ വ്യാഴാഴ്ച സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര ടൗണിലെ തഹസിൽ ഓഫീസിനുള്ളിൽ വച്ച് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതും വാർത്തയായി. പ്രതിഷേധത്തെ തുടർന്ന് ജെ-കെ സർക്കാർ കൊലപാതകം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചു.
Post Your Comments