ആലപ്പുഴ: ശമ്പള പ്രശ്നം രൂക്ഷമായതോടെ വീട് വില്‍ക്കാനൊരുങ്ങുകയാണ് ആലപ്പുഴയിലുള്ള ഒരു കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ. കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ പാണാവള്ളി സ്വദേശിയാണ് കൃത്യമായി ശമ്പളം കിട്ടാതായതോടെ വീടും പറമ്പും വിൽക്കുന്നത്.
വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതായതോടെയാണ് ഇതിനൊരുങ്ങുന്നത് എന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് അറിയിച്ചത്.
ശമ്പളം ലഭിക്കാതായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് 700 ചതുരശ്രയടി വീടും എട്ടുസെന്റ് സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. ഭാര്യയും മക്കളുമായി കുടുംബസമേതം താമസിക്കുന്ന വീടാണിത്. ബാങ്ക്, സഹകരണസംഘം എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്ത വകയിൽ 12 ലക്ഷത്തോളം രൂപ കടമുണ്ട്. വീട് ബാങ്ക് ജപ്തി ചെയ്താൽ പ്രതീക്ഷിക്കുന്ന തുക കിട്ടില്ലെന്നും അതിനുമുൻപു വിറ്റാൽ കുറച്ചെങ്കിലും പണം മിച്ചമുണ്ടാകുമെന്നും കരുതിയാണ് ഈ തീരുമാനം.
53-കാരനായ ഇദ്ദേഹത്തിന് കെ.എസ്.ആർ.ടി.സി.യിൽ 15 വർഷത്തെ സർവീസുണ്ട്. കെ.എസ്.ആർ.ടി.സി. മാനേജ്മെന്റിനോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച് നിവൃത്തികേടുകൊണ്ടാണ് വീടും പറമ്പും വിൽക്കുമെന്ന അറിയിപ്പ് പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. വീടു വിറ്റാൽ വാടകവീട് അന്വേഷിക്കാനാണ് തീരുമാനം.
Post Your Comments