ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാനില്ല. കനത്ത ചൂട് മൂലം യമുനയിലെ ജലനിരപ്പ് താഴ്ന്നതാണ് കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്നത്. പ്രധാന ജനവാസമേഖലകളിലടക്കം കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഡല്‍ഹി ഭരണകൂടം.
ചൊവ്വാഴ്ച മുതല്‍ കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ നിലവിലുള്ള വസീറാബാദ്, ചന്ദ്രവാള്‍, ഒഖ്ലാ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് മുടങ്ങുന്നത്. യമുനാ നദിയിലെ സാമാന്യ ജലനിരപ്പ് നിലനിര്‍ത്തേണ്ട അളവായ 674.50ലില്‍ നിന്നും 669.40ലേയ്ക്ക് താഴ്ന്നിരിക്കുന്നു എന്നതാണ് തിങ്കളാഴ്ചയിലെ കണക്ക്. മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നതോടെ സിവില്‍ ലൈന്‍സ്, രാംലീല ഗ്രൗണ്ട്, സൗത്ത് എക്സ്റ്റന്‍ഷന്‍, കന്റോണ്‍മെന്റ് ഏരിയ അടക്കം 18 ജനവാസ മേഖലകളാണ് പ്രതിസന്ധി നേരിടുക.
ഈ മേഖലകളില്‍ നാളെ മുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന സര്‍ക്കുലറും അതിനൊപ്പം, ടാങ്കര്‍ ലോറികളുടെ നമ്പറുമടക്കമുള്ള അറിയിപ്പാണ് കെജ്രിവാള്‍ സര്‍ക്കാരും വാട്ടര്‍ അതോറിറ്റിയും വിതരണം ചെയ്തിരിക്കുന്നത്.
Post Your Comments