ന്യൂയോർക്ക് : യു.എസിൽ, സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. വംശവെറി മൂലം 18 വയസ്സുകാരൻ ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. നാലുപേർക്ക് കടയുടെ പുറത്തും, മറ്റുള്ളവർക്ക് അകത്തും വെച്ചാണ് വെടിയേറ്റത്.
ശനിയാഴ്ച ,ന്യൂയോർക്കിലെ ബഫലോയിലുള്ള ടോപ്സ് സൂപ്പർ മാർക്കറ്റിലാണ് സംഭവമുണ്ടായത്. അക്രമി വെടിയേൽക്കാതിരിക്കാനുള്ള ബോഡി ആർമറും സൈനികർ ധരിക്കുന്ന രീതിയിലുള്ള വേഷവും ധരിച്ചിരുന്നു. കറുത്ത വർഗ്ഗക്കാരായ കസ്റ്റമർമാർക്കും ജോലിക്കാർക്കും നേരെയായിരുന്നു പ്രധാനമായും ഇയാൾ നിറയൊഴിച്ചത്.
ന്യൂയോർക്ക് സ്വദേശിയായ പേയ്ടൺ ജെൻഡ്രോനാണ് കുറ്റവാളി. 10 പേർ മരിച്ച ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കഠിനമായ വംശവെറിയും വിദ്വേഷവും മൂലമാണ് പ്രതി ഇങ്ങനെയൊരു ഹീനകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇയാൾ പോലീസിന് കീഴടങ്ങി.
Post Your Comments