കാബൂള്‍: അഫ്ഗാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിയമം കൊണ്ടു വന്ന് താലിബാന്‍. രാജ്യത്തെ ഹോട്ടലുകളില്‍ ഇനി മുതല്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് താലിബാന്‍ പുറത്തിറക്കിയ നിയമ വ്യവസ്ഥയില്‍ പറയുന്നു. ഇതുസംബന്ധിച്ച ഉത്തരവ് താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഈ നിയമം പ്രാബല്യത്തില്‍ ആയതോടെ, പുരുഷന്മാര്‍ക്ക് കുടുംബത്തിനൊപ്പം ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനും സാധിക്കില്ല. ഭാര്യ ഭര്‍ത്താക്കന്മാരായാലും ഈ നിബന്ധന ബാധകമാണെന്ന് അഫ്ഗാന്‍ വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യഘട്ടമായി പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ ഉത്തരവ് നടപ്പാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ച് പ്രവേശിക്കരുതെന്ന് താലിബാന്റെ നിര്‍ദ്ദേശമുണ്ട്. ആഴ്ചയിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള ദിവസങ്ങള്‍ പുരുഷന്മാര്‍ക്ക് വ്യായാമത്തിന് വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത്.
Post Your Comments