ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും മറ്റും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ശനിയാഴ്ച ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ല. യുഎഇ സായുധസേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനും കൂടിയായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമായം അറിയിച്ചത്.
മയ്യിത്ത് അബുദാബി അൽ ബത്തീൻ ഖബർസ്ഥാനിൽ ഖബറടക്കി. യുഎഇയിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും മൂന്നുദിവസം അവധിയായിരിക്കും.
Post Your Comments