കൊച്ചി: പാർട്ടി നിയമങ്ങൾ ലംഘിച്ചതിനാൽ പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ വൻ പ്രതിഷേധവുമായി അണികൾ. പാർട്ടിയിൽ നിന്നും പുറത്താക്കിയ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡിലിട്ട് കെ.വി തോമസിന്റെ ചിത്രം കത്തിച്ചു. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ, നേതാക്കൾക്കൊപ്പം വച്ചിരുന്ന ചിത്രമാണ് പ്രവർത്തകർ ഓഫീസിന് പുറത്ത് കൊണ്ടിട്ടു കത്തിച്ചത്.
‘തിരുത തോമസ് ഗോബാക്ക്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കുമ്പളങ്ങി കെ.വി തോമസിന്റെ ജന്മനാടാണ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ സഗീറാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.
തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് തൊട്ടുപിറകെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്ന പ്രഖ്യാപനമുണ്ടായത്. പാർട്ടി അംഗത്വത്തിൽ നിന്നും നീക്കം ചെയ്തുവെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രംഗത്തു വന്നത്. പരമാവധി കാത്തിരുന്നുവെന്നും ഇനി കാത്തിരിക്കാൻ സാധിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
Post Your Comments