KeralaLatest NewsIndia

‘പുതിയ തെളിവുണ്ടോ? നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്’: പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ വിമർശനം

പബ്ലിക് പ്രോസിക്യൂട്ടറാണ്, മറിച്ച് പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്നും ജഡ്‌ജി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി വിചാരണ കോടതി. കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു വിചാരണ കോടതി. ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവാണ് പ്രോസിക്യൂഷന്റെ പക്കലുള്ളതെന്നാണ് കോടതി ഹർജി പരിഗണിക്കണവേ ചോദിച്ചത്.

മുമ്പ് പരിശോധിച്ച ആരോപണങ്ങൾക്കപ്പുറത്ത് ജാമ്യം റദ്ദാക്കാൻ കാരണമായ പുതിയ തെളിവുകൾ എന്തുണ്ടെന്നും, സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ എന്താണുള്ളതെന്നും കോടതി ചോദിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്. പൊതുജനാഭിപ്രായമല്ല തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്‌താരത്തിനിടെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും പറഞ്ഞു. വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടറാണ്, മറിച്ച് പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്നും ജഡ്‌ജി പറഞ്ഞു. പ്രതികൾ എങ്ങനെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടത് പ്രോസിക്യൂഷനാണ്.

കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തെന്നും കോടതി ആരാഞ്ഞു. രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നതെന്ന് കോടതി ചോദിച്ചു. മാർച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നൽകിയിട്ട് പിന്നീട് എന്തുണ്ടായെന്ന് ചോദിച്ച കോടതി, രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ആവർത്തിച്ചു. കൂടാതെ, ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോഡുകൾ എങ്ങിനെ പുറത്തുപോയെന്ന കോടതിയുടെ ചോദ്യത്തിന് ഞങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. എങ്ങനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ശബ്‌ദരേഖകൾ പുറത്തുപോയത് അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം സൃഷ്‌ടിക്കുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അഭിഭാഷകരും പ്രോസിക്യൂട്ടറും തമ്മിൽ രൂക്ഷമായ തർക്കവും വാദത്തിനിടെ നടന്നു. കേസ് വീണ്ടും പരിഗണിക്കാനായി മെയ് 19ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button