മൂന്നാർ: പ്രണയം നിരസിച്ചതിന്റെ പേരിൽ പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ, പതിനേഴുകാരന് സ്വന്തം കഴുത്തില്‍ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റ പതിനേഴുകാരന്റെയും പെണ്‍കുട്ടിയുടെയും നില ഗുരുതരമാണ്. പരിക്കേറ്റ പെണ്‍കുട്ടിയെ, നാട്ടുകാർ ചേർന്ന് കോലഞ്ചേരി ആശുപത്രിയിലും യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്കൂള്‍ ബസില്‍ വീടിനു സമീപത്ത് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് എത്തിയ പതിനേഴുകാരന്, അടുത്തുള്ള ദേവാലയത്തിന്റെ പിന്‍ഭാഗത്തുള്ള ശുചി മുറിയുടെ സമീപത്തേക്ക് വിളിച്ചു കൊണ്ടു പോകുകയായിരുന്നു. സംസാരിച്ചു നില്ക്കുന്നതിനിടയില് പ്രകോപിതനായ വിദ്യാര്‍ത്ഥി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.
ഈ സമയം, വീടിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാവ്, ശരീരം മുഴുവന്‍ രക്തമൊലിച്ച നിലയില്‍ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ചെത്തിയ മാതാവ്, അയല്‍ക്കാരെയും കൂട്ടി പെണ്‍കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടി ഓടിപ്പോയതോടെ, ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി ഉപയോഗിച്ച് പതിനേഴുകാരന് സ്വയം കഴുത്തു മുറിച്ച ശേഷം, കൈത്തണ്ടയിലും പരിക്കേല്‍പ്പിച്ചു. ദേഹമാസകലം രക്തം പടര്‍ന്നതോടെ അടുത്തുള്ള ഒരു തോടിനു സമീപം വീണ വിദ്യാര്‍ത്ഥിയെ, നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
Post Your Comments