Latest NewsNewsIndia

ഈറോഡില്‍ കുപ്രസിദ്ധ ഗുണ്ടയെ ഭാര്യയുടെ കൺമുന്നിലിട്ട് റോഡിൽ വെട്ടിക്കൊന്നു: അക്രമികളെ വെടിവച്ച് കീഴ്പ്പെടുത്തി പോലീസ്

കാറിന്റെ ഡോര്‍ തുറന്ന് ജോണിന്റെ ഭാര്യ ശരണ്യയെ പുറത്തേക്ക് തള്ളിയിട്ടശേഷം ജോണിനെ പലവട്ടം വെട്ടി

ചെന്നൈ : തമിഴ്‌നാട് ഈറോഡില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു. സേലം സ്വദേശി ജോണ്‍ എന്ന ചാണക്യനെയാണ് രണ്ട് കാറുകളിലായി എത്തിയ എട്ടംഗ അക്രമി സംഘം വെട്ടിക്കൊന്നത്. ജോണ്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയാണ്. ജോണ്‍ ഭാര്യക്കൊപ്പം കാറില്‍ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിരുപ്പൂരിലേക്ക് താമസം മാറ്റിയ ജോണ്‍, പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനായാണ് ഭാര്യ ശരണ്യക്കൊപ്പം സേലത്തെത്തിയത്. സ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയ ജോണിനെ അക്രമികള്‍ പിന്തുടരുകയായിരുന്നു. പതിനൊന്നരയോടെ നസിയനൂരില്‍ എത്തിയപ്പോള്‍ ജോണിന്റെ കാറില്‍ അക്രമികളുടെ കാര്‍ ഇടിപ്പിക്കുകയായിരുന്നു.

പിന്നീട് അവര്‍ മാരകായുധങ്ങളുമായി പുറത്തിറങ്ങി. കാറിന്റെ ഡോര്‍ തുറന്ന് ജോണിന്റെ ഭാര്യ ശരണ്യയെ പുറത്തേക്ക് തള്ളിയിട്ടശേഷം ജോണിനെ പലവട്ടം വെട്ടി. ജോണിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശരണ്യയുടെ കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. ശരണ്യ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വിവരം അറിഞ്ഞ് ദേശീയപാതയില്‍ പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി അക്രമികള്‍ക്കു നേരേ വെടിയുതിര്‍ത്തു. വെടിയേറ്റ നാല് പേര്‍ പോലീസിന്റെ പിടിയിലായി. മറ്റു നാല് പേര്‍ കാറില്‍ രക്ഷപ്പെട്ടു. പരുക്കേറ്റ പ്രതികളും ശരണ്യയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുണ്ടകള്‍ക്കിടയിലെ പകയാണ് ആക്രമണത്തിന് കാരണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജോണ്‍ സേലത്തേക്ക് വരുന്നതറിഞ്ഞ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button