പാലക്കാട്: വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന്റെ വിവാദ പരാമർശത്തിൽ, ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതല്ല, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന ഉദ്യോഗസ്ഥന്റെ പരാമർശത്തിലാണ് കേസ്. സോജന്റെ പരാമർശനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നിരുന്നത്.
കേസിലെ പ്രതികളെ എല്ലാവരേയും പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ വിവാദ പ്രതികരണം. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കേസിൽ ഒരു തെളിവും ഇല്ലെന്നുമാണ് സോജൻ പറഞ്ഞത്. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതിൽ സംശയമില്ലെന്നുമുള്ള സോജന്റെ പരാമർശം വലിയ വിമർശനങ്ങൾക്കിടയാക്കി.
കേസിൽ, പോലീസ് തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുന്ന അവസ്ഥയാണുണ്ടായതെന്നും കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി. സോജൻ, എസ്.ഐ. ചാക്കോ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 13ന് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, 52-ാം നാളാണ് ഇളയകുഞ്ഞിനേയും സമാനമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രദീപിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Post Your Comments