മലപ്പുറം: നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുന്നത് പൂര്‍ത്തിയാകും വരെ, രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്, രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, സിദ്ദീഖ് കാപ്പനെതിരായ യുഎപിഎ കേസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ അഭിഭാഷകരുമായി നടത്തുമെന്നും റൈഹാനത്ത് വ്യക്തമാക്കി.
‘വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസിന് നന്ദി. യുഎപിഎ നിയമവും പുനഃപരിശോധിക്കണം. ഒന്നര വര്‍ഷമായി സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കിടക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ആളുടെ പേരിലാണ് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരിക്കുന്നത്. സാധാരണക്കാരെ യുഎപിഎ ചുമത്തി ജയിലിടയ്ക്കുന്ന രീതി അവസാനിപ്പിക്കണം. സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്ന ഒരു രേഖയും, അന്വേഷണ സംഘത്തിന് കോടതിയില്‍ സമര്‍പ്പിക്കാനായിട്ടില്ല. ‘ റൈഹാനത്ത് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ നടന്ന ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെയാണ്, മഥുരയില്‍ വച്ച് സിദ്ദീഖ് കാപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹത്രാസ് സംഭവത്തിന്റെ മറവില്‍, യുപിയില്‍ കലാപം സൃഷ്ടിക്കാനാണ് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെട്ട സംഘമെത്തിയതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ നടപടി.
Post Your Comments