കൊച്ചി: തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ.വി. തോമസ്. വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ.വി. തോമസ്. പറഞ്ഞു. വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചത് ശരിയാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസനകാര്യത്തിലും സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് തുറന്നു പറഞ്ഞതു കൊണ്ട് കോൺഗ്രസ് വിരുദ്ധനാകുമോയെന്നും കെ.വി തോമസ് ചോദിച്ചു.
‘കോൺഗ്രസ് സംസ്‌കാരമാണ് തന്റേത്. കോൺഗ്രസ് വിടില്ല. മറ്റൊരു പാർട്ടിയിലേക്കുമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാട് നാളെ വിശദീകരിക്കും. കോൺഗ്രസിൽ നിന്നുമുള്ള കടുത്ത അവഗണനയാണ് നേരിടുന്നത്. ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ് ‘- അദ്ദേഹം വ്യക്തമാക്കി.
‘ഇന്നത്തെ കോൺഗ്രസ് താൻ കണ്ട കോൺഗ്രസ് അല്ല. വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി മാറി. ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കും. താൻ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനം തീരുമാനിക്കും’ കെ.വി തോമസ് പറഞ്ഞു.
Post Your Comments