കൊല്ലം: ഗായകൻ കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ പ്രതിഭയാണ് ശരത്. പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാതെയാണ് കൊല്ലം ശരത്ത് (എ.ആർ.ശരത് ചന്ദ്രൻ നായർ-52) മരണത്തിലേക്ക് വീണത്.
ഞായറാഴ്ച വൈകിട്ട് കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ, ഗാനമേളയിൽ ആറാമത്തെ പാട്ടു പാടിക്കൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അടുത്ത ബന്ധുവിന്റെ അഭ്യർത്ഥന പ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടു പാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളർന്നു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. സരിഗയിൽ, നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കോവിഡ് ലോക്ക്ഡൌൺ അവസാനിച്ചതോടെ, വീണ്ടും ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ശരത്തിനെ മരണം കീഴടക്കിയത്.
കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനു സമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.
Post Your Comments