മലപ്പുറം: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവിന്റെ അധിക്ഷേപം. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്.
സംഭവം ഇങ്ങനെ,
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ, വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. ‘പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചത്’ എന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം.
പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെട്ടു. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്’- ഇതാണ് സ്റ്റേജില്‍ വെച്ച് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പറഞ്ഞത്.
സംഭവത്തിൽ, സമസ്ത നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപകാരം നല്‍കുന്നത്. പെണ്‍കുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് പിന്നാലെയാണ്, സമസ്ത നേതാവിന്റെ ശകാരവാക്കുകള്‍ ഉണ്ടായത്. സമസ്തയുമായി ബന്ധപ്പെട്ട ‘സുന്നി ഉലമ ഫോളോവേഴ്സ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
Post Your Comments