എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പത്താം വളവ്’ ആണ് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജില്‍ സുരാജ് നടത്തിയ തീപ്പൊരി പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാശ് കൊടുത്താല്‍ എന്തും വാങ്ങാൻ കിട്ടുമെന്ന് പറയുന്ന അദ്ദേഹം, അങ്ങനെ കിട്ടാത്തത് വിദ്യാര്‍ത്ഥി സമൂഹത്തെ ആണെന്നും ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും പ്രശ്‌നം വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരൊറ്റ രാഷ്ട്രീയമേയുള്ളൂവെന്നും സുരാജ് പറയുന്നു,
അനുസരണയുള്ള കുട്ടികളാണ് നല്ല കുട്ടികളെന്ന വാദം ശരിയല്ലെന്നും അനുസരണക്കേട് കാണിക്കുന്നവരാണ് നല്ല കുട്ടികളെന്നും അവരില്‍ നിന്നാണ് സമൂഹത്തിനോട് നല്ല ചോദ്യങ്ങളുണ്ടാകുന്നതെന്നും സുരാജ് പറഞ്ഞു. കരഘോഷത്തോടെയാണ് വിദ്യാർത്ഥികൾ സുരാജിന്റെ വാക്കുകളെ സ്വീകരിച്ചത്. വൈറലാകുന്ന വീഡിയോയിൽ സുരാജ് പറയുന്നതിങ്ങനെ:
Also Read:സ്കൂളിൽ റഷ്യൻ ബോംബാക്രമണം : രണ്ടു മരണം, 60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
‘പലരും പറയും അനുസരണയുള്ള കുട്ടികളാണ് നല്ല കുട്ടികളെന്ന്. പക്ഷേ അല്ല. അനുസരണയുള്ള കുട്ടികളല്ല നല്ല കുട്ടികള്‍. അനുസരണക്കേട് കാണിക്കുന്നവരാണ് നല്ല കുട്ടികള്‍. കാരണം അവരാണ് സമൂഹത്തിനോട് നല്ല നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്. അനുസരണയുടെ അങ്ങേയറ്റമാണ് അടിമത്തം. അനുസരണ കൂടിക്കൂടി അടിമത്വത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കും. അതുകൊണ്ട് സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുക. കാരണം നിങ്ങള്‍ക്ക് മാത്രമേ അത് സാധിക്കൂ. കാശ് കൊടുത്താല്‍ അരി വാങ്ങാം, പഞ്ചസാര വാങ്ങാം, മണ്ണെണ്ണ വാങ്ങാം, വേണമെങ്കില്‍ സര്‍ക്കാരിനെ തന്നെ വിലയ്ക്കു വാങ്ങാം. പക്ഷെ കാശ് കൊടുത്താല്‍ വാങ്ങാന്‍ പറ്റാത്ത ഒരേയൊരു സമൂഹമേയുള്ളു. അത് വിദ്യാര്‍ത്ഥി സമൂഹമാണ്.
നിങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള ആളുകള്‍ തന്നെയായിരിക്കും. പക്ഷെ നിങ്ങള്‍ക്കൊരു പ്രശ്‌നം വന്നാല്‍ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ- വിദ്യാര്‍ത്ഥി രാഷ്ട്രീയം. ഇവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ വലിയ ബുദ്ധിമാന്മാരൊന്നുമായി ഇറങ്ങേണ്ടതില്ല. നല്ല മനുഷ്യരായി, നല്ല കലാകാരന്മാരായി ഇറങ്ങിയാല്‍ മതി. വിവിധ മേഖലകളിലേക്കെത്തുമ്പോള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിയുമെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലിയ പുണ്യം’, സുരാജ് പറഞ്ഞു.
Post Your Comments