Latest NewsIndia

ഒഡിഷയിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ വിശേഷങ്ങൾ

തുകാന്‍ ഖാനെതിരെ കിഴക്കന്‍ ഗംഗ രാജവംശത്തിലെ രാജാവായിരുന്ന നരസിംഹ ദേവ നേടിയ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറു നഗരത്തില്‍ പല അപൂര്‍വ്വ സുന്ദരമായ നിര്‍മാണ അദ്ഭുതങ്ങളും സ്ഥിതി ചെയ്യുന്നു. ഒഡിഷയിലെ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ആരാധനാലയവുമാണ് കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സൂര്യ ക്ഷേത്രം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ലോകത്തെ പല കോണുകളില്‍ നിന്നും ആള്‍ക്കാര്‍ എത്തിച്ചേരാറുണ്ട്.

യുനെസ്‌കോയുടെ പട്ടികയിലുള്ളതിനാല്‍ നല്ല രീതിയില്‍ സംരക്ഷിച്ചു പോരുന്നുമുണ്ട്. ഇതിന്റെ നിര്‍മ്മിതിയും നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വാസ്തു വിദ്യയുമാണ് ശ്രദ്ധേയമാകുന്നത്. ശിലകളിലാണ് കൊണാര്‍ക്കിന്‍റെ കലാചാതുര്യം കൂടുതലും വെളിവാകുന്നത്. അതിനാല്‍ തന്നെ മനുഷ്യഭാഷയെ ശിലാഭാഷ തോല്‍പിക്കുന്ന സ്ഥലമായും കൊണാര്‍ക്കിനെ കരുതാം. കൊണാര്‍ക്കിലെ പല സ്മാരകങ്ങളും മതപരമായ പ്രാധാന്യം നിറ‌ഞ്ഞതുമാണ്. 7 കുതിരകള്‍ വലിച്ചുകൊണ്ടുപോകുന്ന ഒരു വലിയ രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ ചരിത്ര പ്രാധാന്യവുമുണ്ട് ഈ ക്ഷേത്രത്തിന്.

1255 ല്‍ പണികഴിപ്പിച്ചതാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. തുകാന്‍ ഖാനെതിരെ കിഴക്കന്‍ ഗംഗ രാജവംശത്തിലെ രാജാവായിരുന്ന നരസിംഹ ദേവ നേടിയ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. രഥത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം. 7 കുതിരകള്‍ ഈ രഥം വലിക്കുന്നത് കാണാം. മുന്‍ വശത്ത് കാവല്‍ക്കാരായി രണ്ടു സിംഹങ്ങളുണ്ട്. പ്രധാന ക്ഷേത്രത്തിന് മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മണ്ഡപം എന്നറിയപ്പെടുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ട് ചക്രങ്ങള്‍ വീതമുണ്ട്. പണ്ടുകാലത്ത് സമയം നോക്കിയിരുന്നത് ഈ ചക്രങ്ങളുടെ നിഴല്‍ നിലത്തു പതിക്കുന്നത് നോക്കിയായിരുന്നു. രഥത്തിന്റെ എല്ലാ ചക്രങ്ങളും ഇത്തരത്തില്‍ ഘടികാരങ്ങളായി പ്രവര്‍ത്തിക്കുന്നു.

കലിംഗ ശൈലിയില്‍ നിര്‍മ്മിച്ചതാണ് സൂര്യ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ. കിഴക്കു വശത്തേക്ക് ചരിച്ച് നിര്‍മ്മിച്ചിരിക്കുന്നത് സൂര്യ പ്രകാശം പ്രധാന കവാടത്തിലേക്ക് കടക്കുന്നതിന് സഹായിക്കുന്നു. നിരവധി ശില്‍പ്പങ്ങള്‍ കാണാന്‍ കഴിയും. ദ്വാരപാലകരായ രണ്ട് സിംഹങ്ങളെ മുന്‍വശത്തു തന്നെ കാണാം. ഇതിന് പുറമെ മറ്റ് മൃഗ ശില്‍പ്പങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ക്ഷേത്രത്തിന്റെ ചുവരുകളില്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. മുപ്പതു മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മണ്ഡപം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. ഇത് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നു. ഒഡിസി, ഭരതനാട്യം അടക്കമുള്ളവയുടെ ശില്‍പ്പങ്ങളും കാണാം.

ഇതിന് പുറമെ, കാമശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ശില്‍പ്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. കോണ്‍ എന്ന് അര്‍ഥം വരുന്ന കൊണാ എന്ന വാക്കില്‍ നിന്നും സൂര്യന്‍ എന്ന് അര്‍ഥം വരുന്ന അര്‍ക്ക എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ് ക്ഷേത്രത്തിന് കൊണാര്‍ക്ക് എന്ന് പേര് വന്നത്. സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. സൂര്യദേവ ക്ഷേത്ര സമുച്ചയത്തിനകത്ത് തന്നെയായി മായാദേവി ക്ഷേത്രം വൈഷ്ണവക്ഷേത്രം എന്നീ പ്രശസ്ത ക്ഷേത്രങ്ങളുമുണ്ട്. കൊണാര്‍ക്കിലെ മുഖ്യദേവിയായ രാംചന്ദിക്ക് സമര്‍പ്പിച്ചിരിക്കുന്ന രാമചന്ദി ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാമചന്ദി മറ്റൊരു പ്രശസ്ത കേന്ദ്രമാണ്.

അപ്രത്യക്ഷമായ ബുദ്ധ ആശ്രമം സ്ഥിതി ചെയ്തിരുന്ന കുറുമയില്‍ നിന്ന് പര്യവേക്ഷണം ചെയ്തെടുത്ത ബുദ്ധ പ്രതിമ ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ജാമുയാത്ര ആഘോഷവേളകൊണ്ട് പ്രശസ്തമായ സ്ഥലമാണ് പ്രാച്ചി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കക്കാട്ടപൂര്‍ മംഗള ക്ഷേത്രം. മാതൃദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചൗരാസിയില ബാരാഹി ക്ഷേത്രം. അസ്തമനവേളയില്‍ അഷ്ടരംഗയില്‍ നിന്നുള്ള ചക്രവാളക്കാഴ്ച നയനമനോഹരമാണ്. അതുപോലെ, മറ്റൊരു പ്രശസ്ത കേന്ദ്രമാണ് കൊണാര്‍ക്ക് മാത്. മതകേന്ദ്രങ്ങളും സ്മാരകങ്ങളും കൂടാതെ, കൊണാര്‍ക്കില്‍ ചന്ദ്രഭാഗ ബീച്ചും മുഖ്യ ടൂറിസ്റ്റ് ഘടകമാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു മ്യൂസിയവും കൊണാര്‍ക്കിലുണ്ട്. സൂര്യക്ഷേത്ര പരിസരത്തി നിന്ന് കണ്ടെടുത്ത പല അമൂല്യവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂതകാലവുമായി സഹവര്‍ത്തിത്വത്തോടെ പെരുമാറുന്ന വ‍ര്‍ത്തമാന കാലത്തിന്‍റെ അമ്പരിപ്പിക്കുന്ന കാഴ്ചകള്‍ കൊണാര്‍ക്ക് ടൂറിസം നമ്മുടെ മുന്നില്‍ കാഴ്ചവക്കുന്നു. ചരിത്രസ്മാരകങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മാണ മാതൃകകളും നിങ്ങളെ വിസ്മയിപ്പിക്കുമ്പോള്‍ തന്നെ ബീച്ചിലെ ചലനാത്മകമായ സാമൂഹ്യജീവിതവും അതുപോലെ തന്നെ ആസ്വദിക്കാനാവുമെന്നതാണ് കൊണാര്‍ക്കിന്‍റെ പ്രത്യേകത.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കൊണാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യം. കാഴ്ചകള്‍ കാണുന്നതിന് പ്രസന്നമായ കാലാവസ്ഥയാണ് ശൈത്യകാലത്ത്. വിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം നല്ല രീതിയില്‍ കൊണാര്‍ക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഫ്ലൈറ്റില്‍ വരുന്നവര്‍ക്ക് ഭുവനേശ്വര്‍ എയര്‍പോര്‍ട്ട് വഴിയെത്താം. പൂരിയിലെയും ഭുവനേശ്വറിലെയും റെയില്‍വേസ്റ്റേഷനുകളും മറ്റ് റോഡ് ശ്രംഖലകളും ഇവിടെയെത്താന്‍ നിരവധി സൗകര്യങ്ങളൊരുക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button