മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മക്കളെയും തീകൊളുത്തിയ മുഹമ്മദിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ സ്ഥിരം ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നാണ് റിപ്പോർട്ടുകൾ. പോക്സോ കേസിലെ പ്രതിയായ, 52കാരനായ മുഹമ്മദ് ആദ്യഭാര്യയെ സ്ത്രീധനത്തിനായി ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ കേസും നിലവിലുണ്ട്. ഇവരെ നിയമപരമായി ഒഴിവാക്കാതെയാണ് ഇയാൾ, തന്നെക്കാൾ പ്രായത്തിൽ വളരെ ചെറുപ്പമായ യുവതിയെ വീണ്ടും വിവാഹം കഴിച്ചത്.
ഈ ബന്ധത്തിലും സമാന അനുഭവം തന്നെയാണ് ഉണ്ടായത്. ആദ്യഭാര്യയ്ക്കുണ്ടായ അതേ ദുർവിധിയാണ് രണ്ടാം ഭാര്യ ജാസ്മിനും നേരിടേണ്ടി വന്നത്. വഴക്കും മർദ്ദനവും പതിവായതോടെയാണ് ഇവർ സഹോദരിയുടെ വീട്ടിലേക്ക് പോയത്. ഇവിടെയെത്തിയാണ് മുഹമ്മദ് ഇവരെ വിളിച്ചിറക്കി സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോയിൽ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തിയത്. പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയത്.
ഇയാൾ, ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേരത്തേ വാഹനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നു. വാഹനത്തിൽ ഭാര്യയും മക്കളും കയറിയതോടെ ഡോർ ലോക്കുചെയ്യുകയും സ്ഫോടക വസ്തുക്കൾക്ക് തീ കൊടുക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് ശരീരത്തിന് തീപിടിച്ചപ്പോൾ മരണവെപ്രാളത്തിൽ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ മുഹമ്മദ് തൊട്ടടുത്തുണ്ടായിരുന്ന കിണറ്റിലേക്ക് ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട്, സമീപത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിമാരിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയായിരുന്നു. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംഭവത്തിൽ, മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് കൊല്ലപ്പെട്ടത്.
വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത്, എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഇവർ, വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും വീണ്ടും സ്ഫോടനം ഉണ്ടായി. ഇതോടെ, അവർ ഭയന്ന് പിൻവാങ്ങി. തുടർന്ന്, ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരമണിക്കൂറോളമാണ് വാഹനം നിന്നു കത്തിയത്.
Post Your Comments