Latest NewsKeralaCinemaMollywoodNewsEntertainment

കാലം കാത്തുവെച്ച കാവ്യനീതി: സ്ഫടികം ജോര്‍ജിന്റെ ജീവന്‍ രക്ഷിച്ച സുരേഷ് ഗോപി, അത് പറഞ്ഞപ്പോൾ എന്നെ സംഘിയാക്കി: ടിനി ടോം

കൊച്ചി: വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയിലേക്ക് തിരികെ എത്തിയത്. യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. അമ്മയിലേക്കുള്ള സുരേഷ് ഗോപിയുടെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ടിനി ടോം. സുരേഷ് ഗോപിയെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് അദ്ദേഹം നൽകുന്നത്.

ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ’, ‘നീ ചാണകത്തിൽ ചവിട്ടിയോ’ എന്നൊക്കെയുള്ള കമന്റുകൾ കാണുന്നത് കൊണ്ടാണ് ഈ ലൈവ്. ഞാൻ പങ്കുവയ്ക്കുന്ന സുരേഷ് ഗോപിയോടൊപ്പമുള്ള ഫോട്ടോകൾ കാണുമ്പോൾ എന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും പലർക്കും സംശയമുണ്ട്. ആരെയും വെളുപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്.

ഞാന്‍ ഡിവൈന്‍ ശുശ്രൂഷ കേന്ദ്രത്തില്‍ പോവാറുണ്ട്. ഇവിടെ ഒരു സിനിമാതാരം വാടകയ്ക്ക് താമസിക്കുന്നുണ്ട് എന്ന് പറഞ്ഞത് സുഹൃത്തായിരുന്നു. ജോര്‍ജേട്ടനായിരുന്നു അത്. സ്ഫടികം ജോര്‍ജ് തന്നെയാണോ ഇത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. കിഡ്‌നി ട്രാന്‍സ്പ്ലാന്റാണ് വേണ്ടത്. ഇതെവിടെയെങ്കിലും എത്തിക്കണം എന്നുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രണ്ടുമൂന്ന് പേരെ വിളിച്ചപ്പോള്‍ അക്കാര്യം അറിയാം എന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സുരേഷ് ഗോപിയെ കണ്ടത്. എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

സ്ഫടികം ജോര്‍ജിന്റെ നമ്പര്‍ തരാന്‍ പറഞ്ഞു. വെറുതെ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു നടന്നത്. അങ്ങനെയാണ് ജോര്‍ജേട്ടന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. അന്നുമുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോളോവറാവുകയായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങാനും അത് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ട്. ഷൂട്ടിംഗിലൂടെയും ചാനലിലൂടെയുമൊക്കെയായി കിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കാനുള്ള മനസ് അത് വളരെ വലുതാണ്.

സുരേഷേട്ടനൊപ്പമുള്ള ഒരു ഫോട്ടോ ഇട്ടപ്പോള്‍ എന്നെ സംഘിയാക്കി. നല്ലത് ചെയ്യുന്നതാണ് രാഷ്ട്രീയം. ഇന്ന രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്നത് മാത്രം നല്ലത് എന്ന് ചിന്തിക്കുന്നയാളല്ല ഞാന്‍. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ പലരും മടിയാണ്. അദ്ദേഹത്തിന്റെ മതമോ രാഷ്ട്രീയമോ ഒന്നും നോക്കണ്ട, അദ്ദേഹം ചെയ്യുന്ന നന്മകള്‍ മാത്രം നോക്കിയാല്‍ മതി. അദ്ദേഹത്തെപ്പോലൊരാള്‍ അമ്മയ്ക്ക് പുറത്ത് നില്‍ക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. ഒന്ന് വന്നൂടേയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.

അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട്. അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്‌തെങ്കില്‍ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്. കാലം കാത്തുവെച്ച കാവ്യനീതിയാണ്. ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തത്. അങ്ങനെയാണ് അദ്ദേഹം അമ്മയിലേക്ക് വന്നതും ഞങ്ങള്‍ക്കെല്ലാം ഉണര്‍വ് തന്നതും. സിനിമയിലെ എല്ലാവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചു. എന്താണ് സുരേഷ് ഗോപിയെന്ന് എല്ലാവരും മനസിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button