കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അദ്ധ്യക്ഷനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് സെന്റര്‍(എന്‍.ഐ.സി) അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഐസക് ഈപ്പന്‍, മുന്‍ പത്രപ്രവര്‍ത്തകന്‍ വി.ആര്‍ രാജമോഹന്‍ എന്നിവര്‍ അംഗങ്ങളുമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവലാണ് മെമ്പര്‍ സെക്രട്ടറി.
പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് സമിതിയുടെ ചുമതല. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍, മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും.
Post Your Comments