കീവ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞ താരമാണ് ‘ഗോസ്റ്റ് ഓഫ് കീവ്’, എന്ന വിളിപ്പേരുള്ള ജെറ്റ് പൈലറ്റ്. ഒരു മിഗ്-29 യുദ്ധവിമാനത്തിൽ ആകാശത്ത് പറന്ന് അദ്ദേഹം നിരവധി എതിരാളികളായ റഷ്യൻ സൈനികരെ വെടിവെച്ചിട്ടതായി പറയപ്പെടുന്നു. എന്നാൽ, ‘ഗോസ്റ്റ് ഓഫ് കീവ്’ യഥാർത്ഥമല്ലെന്നും, കെട്ടുകഥയാണെന്നും എതിരാളികൾ വാദിച്ചിരുന്നു. ഇപ്പോൾ, ഉക്രൈൻ വ്യോമസേന ഗോസ്റ്റ് ഓഫ് കീവിനെക്കുറിച്ചുള്ള സത്യം തുറന്നുകാട്ടുകയാണ്.
ഉക്രൈൻ സൈന്യത്തിലെ മേജർ സ്റ്റെപാൻ തരബാൽക്കയാണ് ‘ഗോസ്റ്റ് ഓഫ് കീവ്’ എന്ന് സൈന്യം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ച് 13ന് റഷ്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെട്ടതായും സൈന്യം വ്യക്തമാക്കി. പടിഞ്ഞാറൻ ഉക്രൈനിലെ ഒരു ചെറിയ കുഗ്രാമമായ കൊറോലിവ്കയിലാണ് സ്റ്റെപാൻ തരബാൽക്ക ജനിച്ചത്. തൊഴിലാളി വർഗ പശ്ചാത്തലത്തിൽ നിന്നാണ് സ്റ്റെപാൻ തരബാൽക്ക വന്നതെന്നും, കുട്ടിക്കാലം മുതൽ ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ‘ടൈംസ് ഓഫ് ലണ്ടൻ’ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മേജർ താരബാൽക്കയുടെ കണ്ണടയും ഹെൽമെറ്റും ഉക്രൈൻ സൈന്യം ലേലം ചെയ്യുമെന്ന് മാധ്യമ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ‘ഗോസ്റ്റ് ഓഫ് കീവ്’ ഒരു വ്യക്തിയല്ലെന്നും ഒരു മിഥ്യയാണെന്നും ഉക്രൈൻ എയർഫോഴ്സ് കമാൻഡന്റ് പറയുന്നു. തലസ്ഥാനത്തിന്റെ ആകാശത്ത് കാവൽ നിൽക്കുന്ന തന്ത്രപരമായ ഏവിയേഷൻ ബ്രിഗേഡിലെ പൈലറ്റുമാരുടെ ഒരു ഗ്രൂപ്പ് ഷോട്ടാണിതെന്നും, അത് അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ അപ്രതീക്ഷിതമായി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘താരബാൽക്ക ഒരു ഹീറോ ആയിരുന്നു, അദ്ദേഹം കീവിന്റെ ഭൂതമായിരുന്നില്ല. ദി ഗോസ്റ്റ് ഓഫ് കീവ് ഉക്രൈൻ ജനത കണ്ടുപിടിച്ച ഒരു ഉക്രൈനിയൻ സൂപ്പർഹീറോ കഥയാണ്’, അദ്ദേഹം വ്യക്തമാക്കി.
‘റഷ്യൻ അധിനിവേശക്കാരുമായുള്ള വ്യോമാക്രമണത്തിൽ താരബാൽക്ക വീരമൃത്യു വരിച്ചു. എന്നാൽ, ഉക്രൈൻ ഏവിയേഷൻ ബ്രിഗേഡിലെ ഉയർന്ന വൈദഗ്ധ്യമുള്ള പൈലറ്റുമാരിലൂടെ ഗോസ്റ്റ് ഓഫ് കീവ് ജീവിച്ചിരിപ്പുണ്ട് ‘ ഉക്രൈൻ വ്യോമസേനയുടെ വക്താവ് യൂറി ഇഗ്നാറ്റ് വ്യക്തമാക്കി.
Post Your Comments