KasargodLatest NewsKerala

ഷവര്‍മ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: ഷവര്‍മ്മ നിര്‍മ്മാതാവും കട നടത്തിപ്പുകാരനും കസ്റ്റഡിയിൽ, 31പേർ ആശുപത്രിയിൽ

കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പ്രതികള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തും. ഐഡിയല്‍ കൂള്‍ബാറിലെ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കടയുടമ വിദേശത്താണെന്ന് പോലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിനി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയിലാകുകയും ചെയ്ത സാഹചര്യത്തിൽ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകള്‍ ഇ.വി.ദേവനന്ദയാണു മരിച്ചത്.

കരിവെള്ളൂര്‍ എ.വി.സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. പിലിക്കോട് മട്ടലായിയിലെ ബന്ധു വീട്ടിലാണ് താമസം. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടയില്‍ നിന്നുമാണ് ദേവനന്ദ സുഹൃത്തുക്കള്‍ക്കൊപ്പം ഷവര്‍മ കഴിച്ചത്. ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ അധികവും.

കടുത്ത പനിയും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ പ്രതിഷേധം വ്യപകമാവുകയാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍പ്പന നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button