തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷൻ കടവ് ഭാഗത്ത് നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. ആറ്റിപ്ര സ്വദേശി സായികുമാറി ( ഷാജികുമാർ -31 ) നെയാണ് സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ് നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയോടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനു സമീപമാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേനയാണ് സംശയാസ്പദമായ രീതിയിൽ റെയിൽവേ ട്രാക്കിന് സമീപം നാല് പേരെ കണ്ടത്.
Read Also : ജാമ്യ വ്യവസ്ഥ ലംഘിച്ചു, പി.സിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പരാതി
തുടർന്ന്, പൊലീസ് സന്തോഷ്, സുൾഫി, ഷാജഹാൻ, നാസിർ റഹ്മാൻ, ഷാജഹാൻ എന്നിവരെ അപ്പോൾ തന്നെ പിടികൂടിയിരുന്നു. തുടർന്ന്, ഒളിവിൽ പോയ ഒന്നാം പ്രതി സായികുമാറിനെ തമിഴ്നാട് തഞ്ചാവൂർ പട്ടുകോട്ടയിൽ നിന്നുമാണ് പിടികൂടിയത്.
നാർക്കോട്ടിക് സെൽ എസിപി ഷീൻ തറയിലിന്റെയും സൈബർ സിറ്റി എസിപി സി.എസ്.ഹരിയുടെയും നേതൃത്വത്തിൽ തുമ്പ എസ്എച്ച്ഓ ശിവകുമാർ, സിപിഓമാരായ അൻസിൽ, മനു, ബിനു, സ്പെഷല്‍ ടീം അംഗങ്ങളായ എസ്ഐ യശോധരൻ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Post Your Comments