തിരുവനന്തപുരം: പി.സി ജോര്‍ജ് ഇപ്പോള്‍ ആര്‍എസ്എസ് ജോര്‍ജായി മാറിയിരിക്കുകയാണെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഭദ്രമായ മതനിരപേക്ഷ മനസാണ് കേരളത്തിന്റെ കരുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഒരുമ തകര്‍ക്കാനുള്ള ഗൂഢനീക്കം ശക്തമാണെന്നും അതിന്റെ ഭാഗമാണ് ജോര്‍ജിന്റെ വിദ്വേഷ പ്രചാരണമെന്നും ജയരാജന്‍ ആരോപിച്ചു. മുസ്ലീം- ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യമെന്നും സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് ജോര്‍ജിന്റെ ഈ കസര്‍ത്തുകളെന്നും ജയരാജന്‍ പറഞ്ഞു.
Read Also :സ്മൃതി ഇറാനി ചൊവ്വാഴ്ച വയനാട്ടിലെത്തും: സന്ദർശനം സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്ന്
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെയും ജയരാജന്‍ വിമര്‍ശിച്ചു. വി മുരളീധരന്‍ ഒരു സാധാരണ ആര്‍എസ്എസ് ക്രിമിനലിന്റെ സ്വഭാവത്തോടെ പോലീസ് ക്യാമ്പില്‍ പോയി ബഹളം ഉണ്ടാക്കുകയായിരുന്നു. ഇത്തരം മന്ത്രിമാരെ നിയന്ത്രിക്കാന്‍, കേന്ദ്രമന്ത്രിമാരും പ്രത്യേകിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുന്നോട്ടു വരണമെന്നും അദ്ദേഹം പരിഹസിച്ചു.
പോലീസ് ക്യാമ്പിലുള്ള പി.സി ജോര്‍ജിനെ കാണാന്‍ മലയാളിയായ കേന്ദ്ര സഹമന്ത്രി ഓടിയെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഈ സ്ഥാനത്തുള്ള ഒരാളില്‍ നിന്നും ഒരു കാലത്തും ഉണ്ടാകാത്ത വിചിത്രമായ പ്രവര്‍ത്തിയായിരുന്നു അതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
‘ഒരു മത വിഭാഗത്തെ കടുത്ത രീതിയില്‍ ആക്ഷേപിച്ച വ്യക്തിയെ കാണാന്‍ കേന്ദ്ര സഹമന്ത്രി അമിത താല്‍പ്പര്യം കാണിച്ചത് സംശയകരമാണ്. കേരളത്തിന്റെ ഒത്തൊരുമ തകര്‍ത്ത്, മുതലെടുപ്പ് നടത്താനുള്ള നെറികെട്ട കളിയാണ് കേന്ദ്ര സഹമന്ത്രി നടത്തിയത്. ജനങ്ങളെ ഒന്നിച്ച് നിര്‍ത്തേണ്ട ഉത്തരവാദിത്വമുള്ള പദവിയിലിരിക്കുന്ന ആള്‍ തന്നെ, അവര്‍ക്കിടയില്‍ വെറുപ്പും ഭിന്നതയും ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇക്കാര്യം, കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. അദ്ദേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറാകണം’, ഇ.പി ജയരാജന്‍ ആരോപിച്ചു.
Post Your Comments