ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ തയ്യാറാണെന്നും എന്നാൽ, ചില സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ ലഭിക്കുന്ന വരുമാനത്തിലാണ് സംസ്ഥാനങ്ങൾ ധൂർത്തടിക്കുന്നതെന്നും പിന്നീട്, കടം കൂടുമ്പോൾ അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചാബാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും മന്ത്രി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി വെട്ടിക്കുറയ്‌ക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങൾ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണം എന്ന് പ്രതിപക്ഷത്തെ പരിഹസിച്ച മന്ത്രി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ബിജെപി ഇതര സംസ്ഥാനങ്ങളേക്കാൾ പകുതിയാണ് വാറ്റ് തുകയെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ പെട്രോളിന്റെ ചില്ലറ വിലയിൽ 15-20 രൂപയുടെ വ്യത്യാസമുണ്ട്. റഷ്യ-യുക്രെയ്ൻ സംഘർഷം ഇന്ധനവിലയിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും മന്ത്രി പരാമർശിച്ചു. നരേന്ദ്ര മോദി സർക്കാർ ദീപാവലിയ്‌ക്ക് മുൻപ് പെട്രോൾ, ഡീസൽ വില കുറയ്‌ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments