കോയമ്പത്തൂര്‍: കമിതാക്കളെ വിരട്ടി പണം കവരുന്ന രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ജില്ലയിലെ സൂലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജരാജന്‍, ആംഡ് റിസര്‍വ് പോലീസിലെ പോലീസുകാരന്‍ ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഗാന്ധിപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.
ദിവസങ്ങള്‍ക്കുമുമ്പ്, ഗാന്ധിപുരം സ്വദേശിയായ യുവാവ് സൂലൂരിലെ പൂന്തോട്ടത്തിന് സമീപം കാറിലിരുന്ന് യുവതിയുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ പോലീസ് യൂണിഫോമില്‍ സ്ഥലത്തെത്തിയ ഇരുവരും യുവാവിനെയും കൂടെയുണ്ടായിരുന്ന യുവതിയെയും ചോദ്യം ചെയ്ത് കമിതാക്കളാണെന്ന് ഉറപ്പിച്ചശേഷം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. വ്യഭിചാര കേസില്‍പ്പെടുത്തുമെന്ന് ഭയപ്പെടുത്തി 10,000 രൂപ വാങ്ങിയെന്നാണ് പരാതി.
യുവാവ് പിന്നീട്, കരുമത്തംപട്ടി ഡിവൈഎസ്പി ആനന്ദ് ആരോഗ്യരാജിന് പരാതി നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സൂലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാതയ്യന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിളാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍, ഇരുവരും ചേര്‍ന്ന് മൂന്നുവര്‍ഷമായി സൂലൂരില്‍ തനിച്ചിരുന്ന് സംസാരിക്കുന്ന കമിതാക്കളെ നോട്ടമിടുകയും ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്തു വരുന്ന കാര്യം സമ്മതിച്ചത്.
Post Your Comments