കീവ്: ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന്റെ ഉക്രൈൻ സന്ദർശനം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടുന്നു. റഷ്യൻ സൈന്യം തകർത്തു തരിപ്പണമാക്കിയ ഉക്രൈനിലെ നഗരങ്ങളാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സന്ദർശിച്ചത്.
ഇർപിൻ, ബുച്ച, കീവ് മുതലായ നഗരങ്ങളിലൂടെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. നൂറുകണക്കിന് ഉക്രൈൻ പൗരന്മാരെ റഷ്യൻ സൈന്യം കൊന്നൊടുക്കിയെന്ന് കരുതപ്പെടുന്ന നഗരങ്ങളാണിവ. ആക്രമണത്തിനു വിധേയരായവരെ നേരിട്ട് കണ്ട് അദ്ദേഹം വിവരങ്ങൾ അന്വേഷിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുദ്ധമെന്നു പറയുന്നത് അങ്ങേയറ്റം അസംബന്ധമാണെന്ന് അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
കൂട്ടക്കൊലപാതകം, സംഘം ചേർന്ന് ബലാത്സംഗം ചെയ്യാൻ തുടങ്ങി നിരവധി കുറ്റങ്ങളാണ് റഷ്യൻ സൈന്യം നടത്തിയതായി പറയപ്പെടുന്നത്. ചെറിയ പെൺകുട്ടികളെപ്പോലും അവർ വെറുതെ വിട്ടില്ല എന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നു. യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാൻ യുഎൻ സെക്രട്ടറി ജനറൽ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലെ അന്വേഷണ ഏജൻസികളും അന്താരാഷ്ട്ര നീതിന്യായ കോടതിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു
Post Your Comments