കൊല്ലം: കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നതായി സൂചന. സിപിഎമ്മുമായി ആശയപരമായി യോജിക്കാൻ കഴിയാത്ത ക്രൈസ്തവ സമൂഹത്തെ തങ്ങൾക്കൊപ്പം നിർത്താനാണ് ബിജെപിയുടെ നീക്കം. ഇതിന് ഒരു വിഭാഗം ക്രൈസ്തവ സമൂഹം പച്ചക്കൊടി കാട്ടുകയും ചെയ്‌തു. ലവ് ജിഹാദ് ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും, ക്രൈസ്തവ സമൂഹവും സംഘപരിവാറും തമ്മിൽ അഭിപ്രായ സമന്വയമുണ്ടെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം.
അതേസമയം, ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയായി മാറിയ ലവ് ജിഹാദ് വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും സ്വീകരിക്കുന്ന മൗനം സഭയിൽ പലർക്കും അതൃപ്തി ഉളവാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ, കേരള കോൺഗ്രസ് മോഡലിൽ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
രണ്ടു കേരള കോൺഗ്രസുകളിലെ മുൻ എംഎൽഎമാരും വിരമിച്ച ഒരു ബിഷപ്പുമാണ് ഇത്തരം ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. മാസങ്ങൾക്കു മുമ്പു തന്നെ ഇതിന്റെ ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ചർച്ചയിൽ കേരളത്തിലെ പ്രമുഖ ബിജെപി നേതാവ് പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാനമാനങ്ങൾ വേണമെന്ന് ചർച്ചയ്ക്കെത്തിയവർ ആവശ്യപ്പെടുകയും ചെയ്തു.
വിവിധ കേരള കോൺഗ്രസുകളിൽ നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയുമാകും പാർട്ടി ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുക. സിപിഎമ്മിൽ നിന്നുൾപ്പെടെ ക്രൈസ്തവ നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നും സൂചനയുണ്ട്. വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോൺ ബർല ചില സംഘടനകളുമായി ഇക്കാര്യങ്ങൾ സംബന്ധിച്ച് ആശയവിനിമം നടത്തിയതായി സൂചനയുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവും സഭാനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്ന നിലയിലാണ് ജോൺ ബർലയുടെ സന്ദർശനം.
കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സിപി രാധാകൃഷ്ണനുമായി വ്യാഴാഴ്ച രാവിലെ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ, ഒരു സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനും ആലോചനയുണ്ട്. ഇതിനു സമാന്തരമായി തെക്കൻ കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ പുതിയ പാർട്ടിപാർട്ടിക്കായി ചർച്ചതുടങ്ങി. തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് ഇതിനു ചുക്കാൻപിടിക്കുന്നത്. രണ്ടു ഗ്രൂപ്പുകളെയും ചേർത്ത് പുതിയ പാർട്ടി രൂപവത്കരിച്ച് എൻഡിഎയിൽ എത്തിക്കാനാണ് നീക്കം.
Post Your Comments