തിരുവനന്തപുരം: ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയതായും, ഭരണാനുമതി കിട്ടിയ പദ്ധതികൾ എന്ത് കൊണ്ട് വൈകുന്നുവെന്നു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി ഒരു ചാനലിനോട് പറഞ്ഞു.
ഭരണാനുമതി ലഭിച്ചു 10 വർഷത്തിലധികം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത നൂറിലധികം പദ്ധതികളുണ്ടെന്നു ടൂറിസം വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ചില പ്രത്യേക ഏജൻസികൾക്ക്, പദ്ധതി നടത്തിപ്പ് സ്ഥിരമായി ലഭിക്കുന്നതിനെക്കുറിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്, മന്ത്രി മുഹമ്മദ് റിയാസിന്റെ അടിയന്തിര ഇടപെടൽ. നടക്കാത്ത പദ്ധതികൾക്ക് വേണ്ടി ഏജൻസികൾക്ക് മുൻകൂർ നൽകിയ പണം തിരിച്ചു പിടിക്കലടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്.
അപ്രായോഗികമായ നിരവധി പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുത്തെന്ന കണ്ടെത്തലിനെ തുടർന്ന്, മന്ത്രി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു. പെരിയാർ കടുവ സങ്കേതത്തിൽ 150 കറ്റാമാരൻ ബോട്ടുകൾക്കായി 1.25കോടി മുടക്കിയുള്ള പദ്ധതിയും, കോവളത്തെ കൾച്ചറൽ ആൻഡ് ടൂറിസം ഫെസിലിറ്റി സെന്ററും, ചൊവ്വരയിൽ 4.70 കോടി മുടക്കിയുള്ള സസ്‌പെൻഷൻ പാലവും ഇഴയുന്ന പദ്ധതികളിൽ ചിലതാണ്.
Post Your Comments