മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് തകർപ്പൻ ജയം. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ മൂന്നിനെതിരെ നാല് ഗോളിനാണ് സിറ്റി തകർത്തത്. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും ഗബ്രിയേല്‍ ജീസസും ഫില്‍ ഫോഡനും ബെർണാഡോ സില്‍വയും ഗോള്‍ നേടിയപ്പോള്‍ റയലിനായി കരീം ബെന്‍സേമ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി.
സ്വന്തം തട്ടകത്തിൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സിറ്റി ലീഡ് നേടി. രണ്ടാം മിനിറ്റില്‍ മെഹ്‍റസിന്‍റെ അസിസ്റ്റില്‍ കെവിന്‍ ഡിബ്രൂയിനാണ് സിറ്റിയ്ക്ക് ലീഡ് സമ്മാനിച്ചത്. 11-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജിസ്യൂസ് ലീഡുയർത്തി. എന്നാല്‍, 33-ാം മിനിറ്റില്‍ നായകന്‍ കരീം ബെന്‍സേമ ഗോള്‍ മടക്കിയതോടെയാണ് റയൽ മത്സരത്തിലേക്ക് തിരിച്ചുവന്നത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലെ 53-ാം മിനിറ്റില്‍ റയല്‍ ഗോളിയെ കാഴ്ച്ചക്കാരനാക്കി ഫില്‍ ഫോഡന്‍ സിറ്റിയുടെ മൂന്നാം ഗോള്‍ നേടി. എന്നാൽ, 55-ാം മിനിറ്റില്‍ ഇടതുവിങ്ങിലെ മികച്ച മുന്നേറ്റത്തിനൊടുവിൽ വിനീഷ്യസ് ജൂനിയർ റയലിന്‍റെ രണ്ടാം ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി 74-ാം മിനിറ്റില്‍ നാലാം ഗോൾ നേടി. ബെർണാഡോ സില്‍വയാണ് ഗോൾ നേടിയത്.
Read Also:- തുമ്മൽ നിർത്താൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, 82-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലഭിച്ച സുവർണാവസരം ബെന്‍സേമ ഗോളാക്കി റയല്‍ 4-3ന് മത്സരം അവസാനിപ്പിച്ചു. റയലിന് പ്രതിരോധത്തിലെ പിഴവുകള്‍ ബാധ്യതയായപ്പോള്‍ അവസരങ്ങൾ മുതലെടുക്കാനാവാത്തത് സിറ്റിയെ കൂടുതല്‍ ഗോളുകളില്‍ നിന്ന് അകറ്റിയത്.
Post Your Comments