CricketLatest NewsNewsSports

രാഹുലിന് സെഞ്ച്വറി: സൂപ്പർ ജയന്റ്സിന് മുന്നിൽ തകർന്നടിഞ്ഞ് മുംബൈ

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി. ലക്നൗ സൂപ്പർ ജയന്‍റ്സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 38 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയും മാത്രമെ മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 62 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ലഖ്നൗ നിരയില്‍ തിളങ്ങാനായില്ല. ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് മുംബൈ തുടങ്ങിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് 49 റണ്‍സ് നേടി. താളം കണ്ടെത്താന്‍ പാടുപെട്ട കിഷന്‍ 20 പന്തില്‍ എട്ടു റണ്‍സുമായി മടങ്ങിയതിന് പിന്നാലെ മുംബൈയുടെ തകര്‍ച്ചയും തുടങ്ങി. കൗമാര താരം ഡെവാള്‍ഡ് ബ്രെവിസ്(3), സൂര്യകുമാര്‍ യാദവ്(7) എന്നിവര്‍ നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെ നിലയുറപ്പിച്ചുവെന്ന് കരുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(31 പന്തില്‍ 39) വീണതോടെ മുംബൈ തോൽവിയിലേക്ക് നീങ്ങി.

Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

യുവതാരം തിലക് വര്‍മ(27 പന്തില്‍ 38) മധ്യനിരയില്‍ നടത്തിയ പോരാട്ടത്തിന് മുംബൈയുടെ തോല്‍വി ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന മൂന്നോവറില്‍ 50 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പൊള്ളാര്‍ഡും തിലക് വര്‍മയും ക്രീസിലുണ്ടായിട്ടും മുംബൈക്ക് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനായില്ല. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 168-6, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 132-8.

shortlink

Related Articles

Post Your Comments

Related Articles


Back to top button