ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ അത് സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകളുടെ നടപടിയെയാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ നിര്‍ദ്ദേശം നല്‍കി. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് നിയമത്തിലെ സെഷന്‍ 20ലെ പ്രോഗ്രാം കോഡ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
Read Also : എണ്ണ ശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടു
സംവാദങ്ങളില്‍ പങ്കെടുക്കുന്നവരുടെ ചില പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ഉണര്‍ത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ സാദ്ധ്യതയുള്ള തരത്തിലുള്ള പരാമര്‍ശങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രകോപനപരവും സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ ഭാഷ, വര്‍ഗീയ പരാമര്‍ശങ്ങള്‍ എന്നിവ സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സമീപകാലത്ത് ടിവി ചാനലുകള്‍ യുദ്ധവും കലാപവും പോലെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇതുസംബന്ധിച്ച സംവാദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പലതും സെന്‍സേഷണലായതും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിക്കുന്ന തരത്തിലുള്ളതുമാണ്. പല പരിപാടികളും വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതും സ്ഥിരീകരിക്കാത്തവയുമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
യുക്രെയ്ന്‍-റഷ്യന്‍ സംഘര്‍ഷവും വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കലാപവും ചില ചാനലുകള്‍ കൈകാര്യം ചെയ്തത് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉപയോഗിച്ചായിരുന്നു. സഭ്യമല്ലാത്തതും പ്രകോപനപരവുമായ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് പ്രോഗ്രാം കോഡിന്റെ ലംഘനമാണ്. യുക്രെയ്ന്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വാര്‍ത്തയുമായി ബന്ധമില്ലാത്ത തലക്കെട്ടുകള്‍ ചാനലുകള്‍ കൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വേണ്ടി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പുറത്തുവിടുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സ്വകാര്യ ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ തലക്കെട്ടുകള്‍ ഉപയോഗിക്കുകയും വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നതിനെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സെന്‍സേഷണലായ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വകാര്യ ചാനലുകള്‍ നിയമം അനുശാസിക്കുന്ന പ്രോഗ്രാം കോഡ് പിന്തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Post Your Comments