മലപ്പുറം: നടുറോഡില്‍ വച്ച് പെണ്‍കുട്ടികളെ മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകൻ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. പ്രതി പെൺകുട്ടികളെ മർദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കേസ് ഒതുക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.
പെൺകുട്ടികളെ മര്‍ദ്ദിച്ച സംഭവത്തിൽ, ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ കേസ് ഒതുക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. എന്നാൽ, പരാതിയുമായി പെണ്‍കുട്ടികള്‍ മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം സിഐ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും സിഐ വ്യക്തമാക്കി. ലീഗ് സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടന്നതെന്നും അതിന് പൊലീസ് പിന്തുണയുണ്ടെന്നും പരാതിക്കാരിയായ അസ്ന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
‘പൊലീസ് കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകള്‍ ചുമത്തി ഇബ്രാഹിനെ വിട്ടയ്ക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, അവര്‍ നിസാര വകുപ്പുകളാണ് ചുമത്തിയത്. നിങ്ങള്‍ നോക്കി ഓടിക്കേണ്ടേ എന്നൊക്കെയാണ് പൊലീസ് പറയുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും അവര്‍ നടപടി എടുക്കുന്നില്ല. ഇപ്പോള്‍ വെറുതെ വിട്ടാല്‍ അവര്‍ക്ക് ഇനിയും ആരെയും എന്തും ചെയ്യാമെന്ന നിലയുണ്ടാകും. അതുകൊണ്ട് അവരെ വെറുതെ വിടാന്‍ തയ്യാറല്ല. തക്കതായ ശിക്ഷ ലഭിക്കണം.’ അസ്ന വ്യക്തമാക്കി.
ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീര്‍ പരപ്പനങ്ങാടി സ്വദേശിനികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവരെ നടുറോഡില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇയാൾ നിരവധി തവണ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം, വാഹനമോടിച്ചിരുന്ന അസ്‌നയുടെ മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് ആളുകൾ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഇബ്രാഹിം, അവിടെനിന്നും കടന്നു കളയുകയായിരുന്നു.
Post Your Comments