പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാന്റ് ചെയ്തു. മൂന്ന് പേർ കൂടി അറസ്റ്റിലായി. കൽപ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്‌റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈൻ ശംഖുവാരത്തോട് പള്ളി ഇമാമാണ്. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈൽ ഫോണും ഇമാം സൂക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
കൊലയാളികളിൽ ഒരാളുടെ മൊബൈൽ ഫോൺ ശംഖുവാരത്തോട് പള്ളിയിൽ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്നു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ കബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതികളിലൊരാളായ ശംഖു വാരത്തോട് സ്വദേശി അബ്ദുൾ റഹ്മാമാന്റെ സഹോദരൻ മുഹമ്മദ് ബിലാൽ, കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന റിയാസുദീൻ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
ശംഖുവാരത്തോട്ടെ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ നിന്നും ഫോൺ കണ്ടെത്തി. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുൻപ് അബ്ദുൾ റഹ്മാൻ സഹോദരനെയാണ് ഫോൺ ഏൽപ്പിച്ചത്. ബിലാൽ അത് പള്ളിയിൽ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്. അഞ്ച് വാളുകൾ 15 ന് രാത്രി തന്നെ ഓട്ടോയിൽ എത്തിച്ചിരുന്നുവെന്ന് പ്രതികൾ തെളിവെടുപ്പിനിടെ പറഞ്ഞു.
കൊലപാതക ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു. മോർച്ചറിക്ക് പിന്നിലെ ഖബർസ്ഥാൻ റോഡിൽ 15 ന് രാത്രി ഒത്തുചേർന്ന പ്രതികൾ സുബൈർ വധത്തിന്റെ പ്രതികാരം നടപ്പാക്കാൻ തീരുമാനിച്ചു. 16 ന് രാവിലെ തൊട്ടടുത്ത ഗ്രൗണ്ടിൽ ഒത്തുകൂടി കൊലയാളി സംഘം പുറപ്പെട്ടു. പട്ടാമ്പി സ്വദേശിയായ അബ്ദുൾ റഷീദാണ് നിർദ്ദേശം നല്കിയത്, 16 ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാ മുറിയിൽ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്ന രണ്ടുപേരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത അഷ്റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്ന് പിടിയിലായ മറ്റു രണ്ടു പേർ.
Post Your Comments