KeralaLatest News

ആലപ്പുഴയിൽ നിന്ന് 16കാരിയായ വിശ്വലക്ഷ്മിയും 17കാരൻ സഫറുദ്ദീനും നാടുവിട്ടിട്ട് ഒരുമാസം: ലവ് ജിഹാദെന്ന് ആരോപണം

പൊലീസ് അന്വേഷണത്തിൽ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

ആലപ്പുഴ: കഴിഞ്ഞ മാസം 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ പൊലീസ്. ആലപ്പുഴ എ.എൻ പുരം മണക്കപ്പറമ്പ് വീട്ടിൽ ബിജുവിന്റെ മകൾ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണർ ഇലഞ്ഞിപ്പറമ്പ് വീട്ടിൽ ഷാജിയുടെ മകൻ അപ്പു എന്ന സഫറുദ്ദീൻ(17) എന്നിവരാണ് കഴിഞ്ഞ മാസം വീടുവിട്ട് പോയത്. ഇരുവരെയും കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, കുട്ടികൾ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

ഇരുവരും എവിടെയെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കുട്ടികളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസമായിട്ടും കുട്ടികളെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. പെൺകുട്ടിയുടെ പിതാവ് ഇടതുപക്ഷ യൂണിയൻ നേതാവു കൂടിയായതിനാൽ മുകളിൽ നിന്നും നല്ല സമ്മർദ്ദവും പൊലീസിനുണ്ട്. എന്നാൽ, പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല.

ഇതിനിടെ, സംഭവം ലവ് ജിഹാദാണെന്നു ആരോപിച്ചു വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, സോഷ്യൽമീഡിയയിലും ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ടി.ഡി സ്‌ക്കൂളിലെ പ്ലസ്ടു ഒന്നാം വർഷ വിദ്യാർത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വർഷ വിദ്യാർത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ഇരുവരും സിനിമ കാണാൻ പോയ വിവരം വിശ്വലക്ഷ്മിയുടെ വീട്ടിൽ അറിയുകയും മാതാപിതാക്കൾ വഴക്കു പറയുകയും ചെയ്തു. ഇതേ തുടർന്നാണ് വിശ്വലക്ഷ്മിയും സഫറുദ്ദീനും നാടു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.

പൊലീസ് അന്വേഷണത്തിൽ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ, വിശ്വലക്ഷ്മിയുടെ മൊബൈൽ ഫോൺ ഈ റോഡിൽ വച്ച് പ്രവർത്തിച്ചതായും കണ്ടെത്തി. മാതാപിതാക്കളും പൊലീസും ഈറോഡിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യാതൊരു വിവരങ്ങളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്. കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിനിടയിൽ, ഇരുവരുടെയും ഫോട്ടോ ഉൾപ്പെടുത്തി കാണാനില്ല എന്ന് വിവിധ പത്രങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി.

പ്രായപൂർത്തിയല്ലാത്ത കുട്ടികളായതിനാൽ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് ഫോട്ടോ പത്രങ്ങളിൽ കൊടുത്തത്. പത്രക്കുറിപ്പ് കണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ വിളിക്കുന്നുണ്ട്. ഇവിടേക്ക് പൊലീസ് അന്വേഷണത്തിനായി പോയിരിക്കുകയാണ്. വിശ്വലക്ഷ്മിക്ക് 155 സെന്റിമീറ്റർ ഉയരവും, വെളുത്ത നിറവും, മെലിഞ്ഞ ശരീര പ്രകൃതവും. സഫറുദ്ദീന് 178 സെന്റീമീറ്റർ ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീര പ്രകൃതവും കൂടാതെ മുടി നീട്ടി വളർത്തിയിട്ടുമുണ്ട് എന്ന് പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെയോ വിവരം അറിയിക്കണം.

ഇൻസ്പെക്ടർ, ആലപ്പുഴ സൗത്ത് പൊലീസ് : 9497987059
ഡി.വൈ.എസ്‌പി, ആലപ്പുഴ : 9497990041
ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ : 9497996982

shortlink

Related Articles

Post Your Comments

Related Articles


Back to top button