എറണാകുളം: സാന്ത്വന പരിപാലന രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും സ്നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ആലുവ ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗം ബാധിച്ചു കഷ്ടത അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി ഇത്തരം പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും സാന്ത്വന പരിചരണം ഏറ്റവും മനുഷ്യത്വപരമായ പ്രവര്‍ത്തനമാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു സേവനം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിന് സര്‍വ്വേ നടപടികള്‍ ആരംഭിക്കും. എല്ലാ ആശുപത്രികളിലും പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ ചികിത്സാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കണം. ജീവിതശൈലി രോഗങ്ങളെ നേരിടാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ എല്ലാം നിയോജകമണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലും തുടങ്ങി, മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. ഇതോടൊപ്പം ഭക്ഷ്യസുരക്ഷാ നടപടികളും ഊര്‍ജിതമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമായി നടക്കുന്നുണ്ട്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികയിലേക്കു നിയമനം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആശുപത്രിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതു പരിഗണിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നവകേരളം സൃഷ്ടിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പിമാരായ ബെന്നി ബെഹന്നാന്, ജെബി മേത്തര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ആലുവ നഗരസഭ അധ്യക്ഷന്‍ എം.ഒ ജോണ്‍, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം തിരുമേനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.വി. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments