കണ്ണൂർ: ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനുമെതിരെ സിപിഐഎം നേതാവ് കാരായി രാജന്‍. ഹരിദാസനെ കൊലപ്പെടുത്തിയവരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമമാണ്. രേഷ്മയുടെ കുടുംബം പാതി കോണ്‍ഗ്രസും പാതി സംഘിയുമായാണ് നാട്ടിലറിയപ്പെടുന്നത്. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനുമാണെന്ന് കാരായി രാജന്‍ പറഞ്ഞു.
അതേസമയം, പ്രശാന്തിന്റെ സിപിഎം അനുകൂല പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്, സംഘപരിവാർ അനുകൂലികളികളും പ്രതിരോധിക്കുന്നത്. ‘ഈ സ്ത്രീ കൊലയാളികള്‍ക്ക് സമം. തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സിപിഐഎം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റു ചെയ്ത് വന്നിരിക്കുന്നു. ഈ സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു. മുന്‍ SFIക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം SFIയുടെ കൊടി വെള്ളയോ മഞ്ഞയോ എന്ന്.’
‘ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും. കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്. പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രി കാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോകാത്ത കാര്യം.’ കാരായി രാജൻ പറഞ്ഞു.
അതേസമയം, പ്രശാന്തിന് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കി. ‘പല വിഷയങ്ങളിലും ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് അധ്യാപികയുടെ ഭര്‍ത്താവ്. അണ്ടലൂര്‍ക്കാവ് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പാരമ്പര്യ ട്രസ്റ്റികളും പാരമ്പര്യേതര ട്രസ്റ്റികളും തമ്മിലുള്ള തര്‍ക്കം വന്നപ്പോള്‍ ഇദ്ദേഹം ആര്‍എസ്എസ് നിലപാടിനൊപ്പമായിരുന്നു. കൊവിഡ് നിയന്ത്രണത്തിനെതിരെ ആര്‍എസ്എസുകാര്‍ നടത്തിയ സമരങ്ങള്‍ക്കൊപ്പവും നിന്നയാള്‍ എങ്ങനെയാണ് സിപിഐഎം അനുഭാവി ആവുക?’ജയരാജൻ ചോദിച്ചു.
‘കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണ്. ആള്‍താമസമില്ലാത്ത ഈ വീട് പലപ്പോഴും വാടകക്ക് കൊടുക്കാറുണ്ട്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Post Your Comments