നെടുമ്പാശ്ശേരി: കാറില്‍ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എറണാകുളം റൂറല്‍ പൊലീസ് ആണ് കരയാംപറമ്പ് ഫെഡറല്‍ സിറ്റി ടവറിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഏഴാം പ്രതി അഭീഷിന്റെ 29 ലക്ഷം രൂപ വിലവരുന്ന അഞ്ചര സെന്റ് സ്ഥലവും വീടും കാറും അക്കൗണ്ടിലുള്ള 50,000 രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുല്‍ ജബ്ബാറിന്റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും സ്കൂട്ടറും ഭാര്യയുടെ പേരിലുള്ള കാറും കണ്ടുകെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്റെ 65,000 രൂപയും രണ്ട് കാറും ഒരു ബൈക്കും നാലാം പ്രതി കാസിമിന്റെ 63,000 രൂപയും എട്ടാം പ്രതി അനീഷിന്റെ ബൈക്കും 31,000 രൂപയും പത്താം പ്രതി സീമയുടെ 35,000 രൂപയുമാണ് പ്രധാനമായി കണ്ടുകെട്ടിയത്. വിവിധ ബാങ്കുകളില്‍ പ്രതികളുടെ 12 അക്കൗണ്ടുകള്‍ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തു.
Read Also : ‘കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?’: ശ്രദ്ധിക്കൂ
സംഭവവുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ഒന്നരവര്‍ഷത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ നിന്ന് 800 കിലോ കഞ്ചാവാണ് പിടികൂടിയത്. 79 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ്. ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്, ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സോണി മത്തായി എന്നിവരുള്‍പ്പെടുന്ന സംഘമാണ് നടപടി സ്വീകരിച്ചത്.
Post Your Comments